കടുവയുടെ ഏറ്റവും വലിയ ചാർക്കോൾ ചിത്രം,റെക്കോർഡ് ഇനി നാദാപുരം സ്വദേശി അരുൺകുമാറിന് സ്വന്തം

നാദാപുരം : ദേശീയ മൃഗമായ കടുവയുടെ ഏറ്റവും വലിയ ചാർക്കോൾ ചിത്രം വരച്ച് ഇന്ത്യ
ബുക്ക്ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് അരുൺ കുമാർ നാദാപുരം.
നാലടി ഉയരവും മൂന്ന് അടി വീതിയുമുള്ള ചാർക്കോൾ ചിത്രമാണ് നാദാപുരം കക്കം വെള്ളി സ്വദേശി പുതിയെടുത്ത് അരുൺ കുമാർ വരച്ചത്.
ചെമ്പരത്തി കമ്പ് കൊണ്ട് സ്വന്തമായി നിർമ്മിച്ച ചാർക്കോൾ ആണ് വരയ്ക്കായി ഉപയോഗിച്ചത്. സ്വന്തമായി ചാർക്കോൾ തയ്യാറാക്കുന്നതും വരയ്ക്കുന്നതും ഉൾപ്പെടെയുള്ള വീഡിയോ കണ്ട് വിലയിരുത്തിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ അരുണിൻ്റെ ചിത്രം റെക്കോർഡ് ആയി അംഗീകരിച്ചത്. ഇരുപത് വർഷത്തോളമായി ചിത്ര രചനയിലും പെയിന്റിംഗിലും സജീവമാണ് അരുൺ കുമാർ . ചാർക്കോൾ ചിത്രങ്ങളാണ് അരുൺ കുമാർ കൂടുതലായി വരച്ചിട്ടുളളത്. നാദാപുരത്ത്
ഐൻഡിസൈൻ എന്ന പേരിൽ ഡിസൈനിംഗ് സ്ഥാപനം നടത്തുകയാണ് അരുൺ കുമാർ. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത് കലാജീവിതത്തിന് ഊർജ്ജമാകുമെന്ന പ്രതീക്ഷയാണ് അരുൺ കുമാറിനുള്ളത്.
സ്കൂൾ പഠനകാലം മുതൽ ചിത്ര രചനയിൽ ഒട്ടേറെ സമ്മാനങ്ങൾ അരുൺ നേടിയിട്ടുണ്ട്.
ഭാര്യ ദിവ്യ.
കാർത്തിക്ക്,അർപിത എന്നിവർ മക്കളാണ്.