
നാദാപുരം ബസ് സ്റ്റാൻഡിൽ സ്വർണ കവർച

നാദാപുരം ബസ് സ്റ്റാൻഡിൽ 2 വയസ്സുകാരിയുടെ സ്വർണ പാദസരം കവർന്ന യുവതി അറസ്റ്റിൽ നാദാപുരം: കെഎസ്ആർടിസി ബസിൽ മാതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന രണ്ടു വയസ്സുകാരിയുടെ സ്വർണ്ണാഭരണം കവർന്ന കേസിൽ മധുര സ്വദേശിനി അറസ്റ്റിൽ. മധുര കൽമാട് സ്വദേശിനി പ്രിയ(25)യെയാണ് നാദാപുരം പൊലീസ് അറസ്റ്റു ചെയ്തത്. തൊട്ടിൽപാലം ചേരിക്കണ്ടി നൂറയുടെ പരാതിയിലാണ് പോലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. ബുധനാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ നാദാപുരം ബസ് സ്റ്റാൻഡിലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ പാദസരം പറിച്ചെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബസിലെ യാത്രക്കാർ ബഹളം വയ്ക്കുകയും യുവതിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. യുവതിയെ സ്റ്റേഷനിലെത്തിച്ച് പരിശോധന നടത്തിയപ്പോൾ ഒട്ടേറെപ്പേരുടെ ആധാർ, തിരിച്ചറിയൽ കാർഡുകളും, എടിഎം കാർഡുകളും കണ്ടെത്തി. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്ത് ഹൊസ്ദുർഗ് ജയിലിലേക്കു മാറ്റി.