ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് : ഉടമകളുടെ ആസ്തികൾ കൈവശപ്പെടുത്തി കൊണ്ടുള്ള സമരം തുടങ്ങി

കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ ഇരകളുടെ സ്വർണ്ണവും പണവും തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ പത്ത് മാസമായി കുറ്റ്യാടിയിൽ സമരം നടത്തുന്ന നിക്ഷേപകർ സമര സഹായ സമിതിയുടെ നേതൃത്വത്തിൽ ഉടമകളുടെ സ്വത്തുക്കൾ കൈവശ പ്പെടുത്തുന്ന സമരം തുടങ്ങി. ഇന്ന് കുറ്റ്യാടി വടയത്തുള്ള ഉടമകളുടെയും ജീവനക്കാരുടെയും പേരിലുള്ള സ്വത്താണ് കൈവശപ്പെടുത്തിയതായി പ്രഖ്യാപിച്ചത്. വടയത്ത് നിന്ന് പ്രകടനമായി നീങ്ങിയ സമരസഹായ സമിതി പ്രവർത്തകർ, ഉടമകളുടെയും മാനേജർമാരുടെയും പങ്കാളിത്തത്തോടെ വാങ്ങിയ സ്ഥലത്ത് പ്രവേശിക്കുകയും കൊടികുത്തി സ്ഥലം കൈവശപ്പെടുത്തിയതായുള്ള ബോർഡ് സ്ഥാപിക്കുകയും ചെയ്തു. സമരത്തിന് സമരസഹായ സമിതി കൺവീനർ എ എം റഷീദ്, കെ കെ സുരേഷ്, ശ്രീജേഷ് ഊരത്ത്, മുഹമ്മദ് ബഷീർ ഇ സമരസഹായ സമിതി നേതാവ് എം കെ ശശി, ആക്ഷൻ കമ്മിറ്റി കൺവീനർ സുബൈർ പി ജിറാസ് പി,സലാം മാപ്പിളാണ്ടി,ഷമീമ ഷാജഹാൻ സീനത്ത് ഹമീദ് എന്നിവർ നേതൃത്വം നൽകി. സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പത്ത് മാസമായി നിരന്തരമായ സമരം നടത്തിയിട്ടും ചർച്ചക്ക് തയ്യാറാവാത്ത മുതലാളിമാരുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് സമരസഹായ സമിതി സമരത്തിന്റെ രീതി മാറ്റാൻ തീരുമാനിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ മുതലാളിമാരുടെയും ആസ്തികൾ പിടിച്ചെടുക്കുകയും അവിടെ കൊടി കുത്തുകയും ചെയ്യുമെന്ന് സമരസഹായ സമിതി നേതാക്കൾ അറിയിച്ചു. നിക്ഷേപകരുടെ പൊന്നും പണവും തിരിച്ചു നൽകാതെ ഒരടി പിന്നോട്ടില്ലെന്ന് സമര സഹായ സമിതി നേതാക്കൾ പ്രഖ്യാപിച്ചു